മീററ്റ്: യുപിയിൽ തലയിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് ഫെവിക്വിക് പുരട്ടി വിട്ടതായി പരാതി. ജാഗ്രിതി വിഹാർ സർദാർ ജസ്പീന്ദർ സിംഗിന്റെ മകനാണ് ഗുരുതര കൃത്യ വിലോപം നേരിടേണ്ടി വന്നത്.
കളിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയെ ഭാഗ്യ ശ്രീ എന്ന ആശുപത്രിയിലെത്തിക്കുകയായിരുന്നു രക്ഷിതാക്കൾ. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ ഫെവി ക്വിക് വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയുടെ മുറിവിൽ ഡോക്ടർ ഫെവി ക്വിക് പുരട്ടി വിടുകയായിരുന്നു. രാത്രി വേദന സഹിക്കാനാകാതെ കുട്ടി കരഞ്ഞതോടെ രക്ഷിതാക്കൾ ലോക്പ്രിയ ആശുപത്രിയിലെത്തിച്ചു. ഇവിടെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫെവി ക്വിക് മുറിവിൽ നിന്ന് നീക്കിയത്.
ഇതേ തുടർന്ന് കുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അശോക് കട്ടാരിയ അറിയിച്ചു.